എന്നെ പറ്റി

Thursday, September 12, 2013

ആഗ്ര- മുഗള്‍ സാമ്രാജ്യത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍

          അവിസ്മരണീയങ്ങളായ ചെറിയ യാത്രകള്‍ ജീവിതമാകുന്ന മഹായാത്രയില്‍ നമുക്ക് ലഭിക്കുന്ന സമ്പാദ്യങ്ങള്‍ തന്നെയാണ്... "ലോകം ഒരു പാഠപുസ്തകം ആണ്. യാത്ര ചെയ്യാത്തവന്‍ അതിലെ ഒരു പേജു മാത്രമേ വായിച്ചിട്ടുള്ളൂ.." എന്ന് ലോകപ്രശസ്ത ആംഗലേയ തത്ത്വചിന്തകനായ അഗസ്റ്റിന്‍ ഹിപ്പോ പറഞ്ഞത് എത്ര അര്‍ത്ഥവത്തായ കാര്യമാണ്..                ജോലിയുടെ ഭാഗമായി ഒട്ടനേകം വര്‍ഷങ്ങള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ചിലവഴിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ എപ്പോഴും നിയന്ത്രിക്കുന്ന ഈ വലിയ സംസ്ഥാനത്തിന്‍റെ സംസ്കാരം ഒരുപക്ഷെ ഇന്ത്യയുടെ യാധാസ്ഥിതിക ജീവിതത്തിന്‍റെ പച്ചയായ പ്രതിഫലനമാണ് എന്ന് നമുക്ക് തോന്നിപ്പോകും... നിയമപരിപാലനം ഏറ്റവും ദുര്‍ഭലമായ സ്ഥലം ഇന്ത്യയില്‍ ഇത് തന്നെ.. പടിഞ്ഞാറെ ഉത്തര്‍പ്രദേശിലെ പ്രധാന നഗരമാണ് ബറേലി.. ഹിമാലയന്‍ വനാന്തരത്തിലെ തടി (മരം) വ്യാവസായിക ആവശ്യങ്ങള്‍ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥലം എന്ന പ്രത്യേകത ഉള്ള സ്ഥലം. ഇവിടുത്തെ താമസക്കാലത്ത് ഫോട്ടോഗ്രാഫിയില്‍ എനിക്കുള്ള താല്‍പര്യം പലപ്പോഴും എന്നെ പടിഞ്ഞാറെ ഗംഗാതീരത്ത് കൂടെ ഏകാന്ത യാത്രകള്‍ക്ക് പോലും പ്രേരിപ്പിക്കാറുണ്ട്.. എന്നാല്‍ ഇത്തവണ എനിക്കൊരു ചങ്ങാതിയെ ലഭിച്ചു.. മോട്ടോര്‍ബൈക്ക്  റൈഡിങ്ങില്‍ കമ്പം ഉള്ള നിതിന്‍.. ഞങ്ങള്‍ രണ്ടു പേരും കൂടെ യാത്ര പുറപ്പെട്ടു.. ഉത്തരേന്ത്യന്‍ സമതലത്തിലൂടെ..
യാത്ര തുടങ്ങുമ്പോള്‍ 
           230 കിലോമീറ്റര്‍ യാത്ര.. ഗൂഗിള്‍ മാപ്പിന്‍റെ നിര്‍ദേശത്തില്‍ വഴി തീരുമാനിച്ചു.. ബദായു - കിസ്ഗന്ജ് അമനപുര്‍ - ഏട്ട വഴി ആഗ്രയിലേക്ക് .. ഇടയില്‍ രണ്ടു മൂന്നു സ്ഥലത്ത് ചെറിയ വിശ്രമങ്ങള്‍.. ധാബയിലെ നാടന്‍ ഭക്ഷണം... ആവേശകരമായ യാത്ര..                                                                    
വഴിയിലെ അല്‍പവിശ്രമം.. നടു നിവര്‍ത്തല്‍ ഹ ഹ 
           ഒടുവില്‍ ഞങ്ങള്‍ ആഗ്രയില്‍ എത്തി... യാത്ര തളര്‍ത്തിയിരുന്നു.. എന്നാല്‍ ലോകത്തെ തന്നെ അദ്ഭുതങ്ങളായി ചരിത്ര പാഠപുസ്തകത്തില്‍ പഠിച്ച താജ്‌മഹലും ചുവപ്പ് കോട്ടയും മഹാനായ അക്ബറിന്‍റെ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്ന ഫത്തെപ്പുര്‍ സിക്രിയും ഒക്കെ മനസ്സില്‍ പ്രതീക്ഷയുടെ രൂപത്തില്‍ കുളിര്‍മ്മ സമ്മാനിക്കുന്നുണ്ടായിരുന്നു.                                                                                           താജ്‌മഹലിന്റെ കവാടത്തില്‍ നിന്നും 1കിലോമീറ്റര്‍ ദൂരത്തു ഒരു നല്ല ഹോട്ടല്‍ റൂം തരപ്പെടുത്തി.. രാവിലെ നടത്തേണ്ട യാത്രയുടെ ഏകദേശ രൂപം ഗൂഗിള്‍ വഴി കണ്ടെത്തി മനസ്സില്‍ ഉറപ്പിച്ചു. രാവിലെ 6 മണിക്ക് തന്നെ താജ് മഹലില്‍ എത്തണം എന്ന് തീരുമാനിച്ചു... രാവിലെ എഴുന്നേറ്റു.. സമയത്ത് തന്നെ താജിന്റെ കവാടത്തില്‍ എത്തി.. ഉള്ളില്‍ കയറുമ്പോള്‍ തന്നെ മനസ്സില്‍ ഒരു കുളിര്‍മ... പ്രഭാതകിരണങ്ങള്‍ ഏറ്റു തിളങ്ങി നില്‍ക്കുന്നു ലോകത്തെ മഹാല്‍ഭുതം മുന്നില്‍... വെണ്ണക്കല്ലില്‍ തീര്‍ത്ത ഭീമാകാരസൗന്ദര്യം.. അവിസ്മരണീയം.. പ്രതീക്ഷിചതിന്‍റെ പതിന്‍മടങ്ങ് സൗന്ദര്യം ആവഹിച്ചിരുന്നു ഷാജഹാന്‍റെ പ്രേമോപഹാരം.. 
പ്രഭാതകിരണങ്ങള്‍ ഏറ്റു ഗോതമ്പ് നിറമാര്‍ന്ന താജ്‌ 
            പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.   ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. 
  • താജ്‌ മഹലിന്റെ സര്‍വ്വനോവ്യാപിദൃശ്യം യമുനാ തീരത്ത് നിന്നും 
             ഷാജഹാൻ ചക്രവർത്തി സ്വന്തം വാക്കുകളിൽ താജ്‌മഹലിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ഇംഗ്ലീഷിൽ വിവരിച്ചിരിക്കുന്നു"Should guilty seek asylum here,Like one pardoned, he becomes free from sin.Should a sinner make his way to this mansion,All his past sins are to be washed away.The sight of this mansion creates sorrowing sighs;And the sun and the moon shed tears from their eyes.In this world this edifice has been made;To display thereby the creator's glory."          താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്. താജ് മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായഅമാനത്ത് ഖാൻ ആണ്. ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് ജാസ്പർ എന്ന കല്ല് വെള്ള മാർബിളുകൾ കൊത്തി അതിൽ ഛുരിതം ചെയ്തിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ രീതിയിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ ശരിയായി കാണുവാൻ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്ത് ഖുറാനിൽ നിന്നുള്ള വചനങ്ങളാണ്.
താജിന്‍റെ പുറം ചുമര്‍ 


ജ്യാമിതീയ മനോഹരിതയാര്‍ന്ന താജ്‌ 
             വളരെ സംഗ്രഹീതമായ രൂപങ്ങളാണ് താജ് മഹലിന്റെ ഓരോ ഭാഗങ്ങളായ പ്രധാന സ്തംഭപാദം, പ്രധാന കവാടം, മോസ്ക്, ജവാബ് എന്നിവിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു പരിധി വരെ ഇതിന്റെ തറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുംഭഗോപുരത്തിന്റേയും പ്രധാന കമാനത്തിന്റെ വളവിലും മറ്റും ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ കൃത്യമായ ജ്യാമീതീയ രൂപങ്ങൾ തീർത്തിരിക്കുന്നത് എല്ലാ പ്രധാന അരികുകളിലും, ചുവരുകൾ ചേരുന്നിടത്തും ഹോരിങ്ങ്ബോന്‍ രീതിയിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നു.വെള്ള ഉൾവശങ്ങളിൽ മണൽക്കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു. അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. എല്ലാ വശങ്ങളും കൃത്യമായ ജ്യാമീതീയ രൂപങ്ങൾ തീർത്തിരിക്കുന്നു. തറകളിലും നടപ്പാതകളിലും മാർബിൾ കൊണ്ടുള്ള ബ്ലോക്കുകൾ ടെലസേശന്‍ ആകൃതിയിൽ വിരിച്ചിരിക്കുന്നത്. താഴത്തെ ചുമരുകളിൽ സസ്യജാതികളുടെ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. എല്ലാ കൊത്തുപണികളും വെള്ള മാർബിളുകളിൽ യതാതഥ തോന്നും വിധം പുഷ്പങ്ങളുടേയും വള്ളി ലതാദികളുടെയും ആകൃതിയിൽ ചെയ്തിരിക്കുന്നു. ഈ കൊത്തുപണികൾ ചെയ്തിരിക്കുന്ന മാർബിളുകൾ നന്നായി മിനുക്കിയിരിക്കുന്നു. വെള്ള മാർബിളുകളിൽ തുരന്ന് ചെയ്തിരിക്കുന്ന സസ്യലതാദികളുടെ പണികൾ തുരന്ന് അതിനകത്ത് പല നിറത്തിലുള്ള മാർബിളുകൾ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ്. അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ, മാർബിൾ, ജാസ്പർ, ജേഡ് എന്നിവ ഉപയോഗിച്ചാണ്. ഇത് തുരന്ന് കൊത്തി വച്ചിരിക്കുന്നത് ചുമരിന്റെ അതേ നിരപ്പിൽ തന്നെയാണ്. ഒറ്റനോട്ടത്തിൽ തുരന്ന് കൊത്തി വച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നാത്ത രീതിയിലാണ്. ഇതിന്റെ പൂർണ്ണത ഇതിൽ കാണാവുന്നതാണ്.                            താജ് മഹലിന്റെ അകത്തളത്തിലെ കൊത്തുപണികൾ ഐതിഹാസിക കൊത്തുപണികളിൽ നിന്നും വളരെ ഉന്നതമാണ്. ഇവിടുത്തെ കൊത്തുപണികൾ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാൾ ഉന്നതമായ കൽകൊത്തുപണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളിൽ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്. പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതിൽ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകൾക്ക് 25 മീറ്റർ ഉയരമുണ്ട്. ഇതിന്റെ മുകളിലായി സുര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു. അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മുകളിലത്തെ നിലയിൽ നിന്നും താഴത്തെ അറ കാണാവുന്നതാണ്. ഇതിനെ മറച്ചു കൊണ്ട് മാർബിൾ കൊണ്ടുള്ള ജാലി സ്ഥിതി ചെയ്യുന്നു. ജാലി മാർബിളിൽ തുരന്നു ചെയ്തിരിക്കുന്ന വല പോലുള്ള മൂടാപ്പ് ആണ്. അകത്തെ ഓരോ അറകളും വളരെ ഉന്നത രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിൽ തുരന്നുള്ള കൊത്തുപണികളും പുറത്തേ അകത്തളത്തിലുള്ള പോലെ കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ശവകുടീരങ്ങളെ മറച്ചു കൊണ്ട് മാർബിൾ ജാലികൾ സ്ഥിതി ചെയ്യുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകൾ കൊണ്ട് സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിയിരിക്കുന്നു.                  ഷാജഹാ‍ൻ താജ് മഹൽ പണിതതിനു ശേഷം ഒരു കറുത്ത താജ് മഹൽ യമുനയുടെ അക്കരയിൽ ഇപ്പോഴത്തെ താജ് മഹലിന് എതിരായി പണിയാൻ ഉദ്ദേശിച്ചിരുന്നു എന്നത് ഇന്നും നിലനിൽക്കുന്ന ഒരു കഥയാണ്. ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ൽ ആഗ്ര സന്ദർശിച്ച യുറോപ്യൻ സന്ദർശകനും ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ എന്ന എഴുത്തുകാരന്റെ ഭാവനാത്മകമായ എഴുത്തിൽ നിന്നാണ്. അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്. യമുന നദിയുടെ എതിർഭാഗത്ത് മൂൺലൈറ്റ് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കറുത്ത മാർബിൾ കല്ലുകൾ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളിൽ നടത്തിയ ഗവേഷണങ്ങളിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും, അവശേഷിച്ച വെള്ള മാർബിളുകൾ കറുത്തതായി തീർന്നതാണെന്നും കണ്ടെത്തുകയുണ്ടായി.                          താജിന്‍റെ മനോഹാരിത മണിക്കൂറുകള്‍ തള്ളി നീക്കിയത് ഞങ്ങള്‍ അറിഞ്ഞു പോലും ഇല്ല.. പ്രധാന കവാടത്തില്‍ ഫോട്ടോഗ്രാഫിക്ക് തിരക്ക് കൂട്ടുന്ന സ്വദേശീയരും വിദേശിയരും ആയ സന്ദര്‍ശകര്‍ക്കിടയില്‍ ഞാനും ശ്രമിച്ചു ചില വേറിട്ട ചിത്രങ്ങളെടുക്കാന്‍.. 
താജ്‌ മഹല്‍ എന്‍റെ കണ്ണുകളില്‍ ആവാഹിക്കപ്പെട്ടപ്പോള്‍ !!!


നിതിന്‍ താജ്‌ മഹലിന്‍റെ ഉച്ചിയില്‍ തൊട്ടപ്പോള്‍ !!!
                            ഒടുവില്‍ പ്രധാന കവാടത്തിനു മുന്നില്‍ ക്യാമറയെ സെറ്റ് ചെയ്തു ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചു നിന്ന് ഒരു ഫോട്ടോ കൂടി എടുത്ത്  ആ മഹാസൃഷ്ടിയുടെ പിറകില്‍ പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് കലാകാരന്മാരെ മനസ്സില്‍ പ്രണമിച്ചു പുറത്തേക്ക് ഇറങ്ങി.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ ക്യാമറ ടൈമര്‍ ഷോട്ട് 
                                                          ഇനി അടുത്ത ലക്ഷ്യം ആഗ്രയുടെ ഹൃദയ ഭാഗത്തുള്ള ചുവപ്പുകോട്ട. താജ്മഹലിന്‌ രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ്‌ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ അവിടെ എത്തി.. ഡല്‍ഹിയിലെ ചുവപ്പ് കോട്ടയോട് സാദൃശ്യം തോന്നിക്കുന്ന നിര്‍മ്മിതി.
ആഗ്ര ചുവപ്പ്കോട്ടയുടെ പ്രധാന പ്രവേശന കവാടം  

                                                             ആദ്യകാലത്ത്, ചുടുകട്ട കൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, സികർവാർ ഗോത്രത്തിന്റെ അധീനതയിലായിരുന്നു. 1080-ആമാണ്ടിൽ ഗസ്നവികൾഇത് പിടിച്ചെടുത്തു എന്നതാണ് കോട്ടയെക്കുറിച്ചുള്ള ആദ്യചരിത്രപരാമർശം. ദില്ലി സുൽത്താനായിരുന്ന സിക്കന്ദർ ലോധി (1487–1517), ആഗ്രയിലേക്ക് തലസ്ഥാനം മാറ്റുകയും ഈ കോട്ടയിൽ നിന്നും ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്ത് ആഗ്രക്ക് ഒരു രണ്ടാംതലസ്ഥാനം എന്ന പദവി കൈവന്നു. 1517-ൽ സിക്കന്ദർ ലോധി മരണമടഞ്ഞതും ഈ കോട്ടയിൽ വച്ചായിരുന്നു. 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽതോൽപ്പിക്കപ്പെടുന്നവരെ സിക്കന്ദറിന്റെ പുത്രനായ ഇബ്രാഹിം ലോധി, കോട്ടയുടെ നിയന്ത്രണം നിലനിർത്തിയിരുന്നു. ഇക്കാലത്ത് നിരവധി കൊട്ടാരങ്ങളും, കുളങ്ങളും, പള്ളികളും അദ്ദേഹം ഈ കോട്ടക്കകത്ത് പണികഴിപ്പിച്ചിരുന്നു. പാനിപ്പത്ത് യുദ്ധത്തിലെ വിജയത്തിനു ശേഷം, മുഗളർ ഈ കോട്ടയും ഇവിടത്തെ വൻസമ്പത്തും പിടിച്ചടക്കി. കോഹിനൂർ രത്നവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് മുഗൾ ചക്രവർത്തി ബാബർ ഈ കോട്ടയിലായിരുന്നു വസിച്ചത്. ബാബറുടെ മരണശേഷം 1530-ൽ ഹുമയൂൺചക്രവർത്തിയായതും ഇതേ കോട്ടയിൽവച്ചാണ്. 1540-ൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ പഷ്തൂൺ നേതാവായ ഷേർഷാ സൂരി തുടർന്നുള്ള അഞ്ചു വർഷക്കാലം കോട്ട നിയന്ത്രണത്തിലാക്കി. 1556-ൽ ഹുമയൂൺ പഷ്തൂണുകളെ തോൽപ്പിച്ചതോടെ ആഗ്ര കോട്ട വീണ്ടും മുഗളരുടെ പക്കൽ തിരിച്ചെത്തി. 1558-ൽ അക്ബർ, ആഗ്രയെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ഈ കോട്ടയിൽ വസിക്കാനാരംഭിക്കുകയും ചെയ്തു. ഇഷ്ടികയാൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ കോട്ട, അന്ന് ബാദൽഗഢ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് അക്ബറൂടെ കാലത്തെ ചരിത്രകാരനായിരുന്ന അബുൾ ഫസൽരേഖപ്പെടുത്തിയിട്ടുണ്ട്. 1565-ലാണ് അക്ബർ ഇവിടത്തെ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. നാശോന്മുഖമായിരുന്ന ഈ കോട്ട, രാജസ്ഥാനിലെ ബറൗലിയിൽ നിന്നും എത്തിച്ച ചുവന്ന മണൽക്കല്ലുപയോഗിച്ച്, അക്ബർ പുതുക്കിപ്പണിഞ്ഞു. കോട്ടമതിലുകളുടെ ഉൾവശം, ഇഷ്ടികകൊണ്ടും, പുറംഭാഗം മണൽക്കലുകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2000 കൽ‌വെട്ടുകാരും, 2000 ചുണ്ണാമ്പുകൂട്ടുകാരും 8000-ത്തോളം മറ്റു തൊഴിലാളികളും ഈ കോട്ടയുടെ നിർമ്മാണത്തിൽ പങ്കാളികളായി. എട്ടുവർഷത്തോളമെടുത്ത് 1573-ൽ ഈ കോട്ടയുടെ പണി പൂർത്തിയായി.  അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ് കോട്ടക്ക് ഇന്നത്തെ രൂപം കൈവരുന്നത്. തന്റെ മുത്തച്ഛനിൽ നിന്നും വ്യത്യസ്തമായി ഷാജഹാൻ, ഇവിടെ നിർമ്മിച്ച കെട്ടിടങ്ങളെല്ലാംവെണ്ണക്കല്ലുകൊണ്ടുള്ളതായിരുന്നു. കെട്ടിടങ്ങളിൽ സ്വർണ്ണത്തിന്റേയും ഇടത്തരം വിലപിടിപ്പുള്ള കല്ലുകളുടെയും ഉപയോഗം ഈ കാലഘട്ടത്തിലെ പ്രത്യേകതയാണ്. നിലവിലുണ്ടായിരുന്ന പല കെട്ടിടങ്ങളും ഇടിച്ചുനിരത്തിയാണ് ഷാജഹാൻ തന്റെ കെട്ടിടങ്ങൾ‌ പണിഞ്ഞത്. ഷാജഹാന്റെ ജീവിതാന്ത്യത്തിൽ, അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയിൽ തടവിലാക്കി. മുഗളർക്കു ശേഷം, കോട്ട ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിന് അറുതി വരുത്തിയ ശിപായിലഹളസമയത്ത് ഈ കോട്ട ഒരു യുദ്ധവേദിയായിരുന്നു. ഇന്ന് കോട്ടയുടെ കുറേ ഭാഗം ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മുഗൾകാല കെട്ടിടങ്ങൾ അടങ്ങുന്ന തെക്കുകിഴക്കേ മൂല, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. ഈ ഭാഗം സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുമുണ്ട്. 

ആഗ്ര ഫോര്‍ട്ടിന്‍റെ മുകളില്‍ നിന്നും താജ്‌ മഹലിന്‍റെ കാഴ്ച 


ആഗ്ര കോട്ടയിലെ പൊതുസഭയാണ് ദിവാൻ ഇ ആം (സാധാരണക്കാർക്കുള്ള സഭ) എന്ന മന്ദിരം
  ദിവാൻ ഇ ആം (സാധാരണക്കാർക്കുള്ള സഭ) എന്ന മന്ദിരം. 1631-40 കാലയളവിൽ ഷാജഹാൻ ആണ് ഈ മന്ദിരം പണിതീർത്തത്. പരന്ന മേൽക്കൂരയുള്ള ഈ വൻ സഭാമണ്ഡപത്തിന് 201 അടി നീളവും 67 അടി വീതിയുമുണ്ട്. മന്ദിരത്തിനു മുന്നിൽ വലിയ ഒരു മുറ്റവുമുണ്ട്. ഈ മുറ്റത്തേക്ക് പ്രവേശിക്കുന്നതിന് വടക്കും തെക്കും വശങ്ങളിൽ നിന്നും ചുവന്ന മണൽക്കല്ലുകൊണ്ടുണ്ടാക്കിയ രണ്ടു കമാനാകൃതിയിലുള്ള കവാടങ്ങളുണ്ട്.മുഗൾ വാസ്ത്രുകലാരീതിയിൽ രാജസഭകൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്രധാനപ്പെട്ട ശൈലിയായ ചിഹിൽ സുതുൻ ശൈലിയിലാണ് ഈ സഭ നിർമ്മിച്ചിരിക്കുന്നത്. നാൽപതു തൂണുകളാണ് ഈ വാസ്തുശൈലിയുടെ പ്രത്യേകത. സഭക്കു നടുവിലെ ചക്രവർത്തിയുടെ ഇരിപ്പിടത്തിൽ നിന്നും വടക്കും തെക്കുമുള്ള കവാടങ്ങളിലേക്ക് വ്യക്തമായ വീക്ഷണം ലഭിക്കുന്ന രീതിയിലാണ് ഈ തൂണുകളുടെ ക്രമീകരണം.
മച്ചി ഭവന്റെ നടുമുറ്റം


തഖ്ത് ഇ ജഹാംഗീർ അഥവാ ജഹാംഗീറിന്റെ സിംഹാസനം
                  ദിവാൻ ഇ ഖാസിനു മുന്നിലെ മുറ്റത്ത്, കിഴക്കേ അറ്റത്ത് മദ്ധ്യത്തിലായി നിലകൊള്ളുന്ന കറുത്ത നിറത്തിലുള്ള പീഠമാണ് തഖ്ത് ഇ ജഹാംഗീർ അഥവാജഹാംഗീറിന്റെ സിംഹാസനം. 1602-ൽ തന്റെ പിതാവും ചക്രവർത്തിയുമായിരുന്ന അക്ബറുമായി എതിർപ്പിൽ കഴിഞ്ഞിരുന്ന ജഹാംഗീർ, അലഹബാദിൽ വച്ചാണ് തനിക്കായി ഈ സിംഹാസനം നിർമ്മിച്ചത്. അലഹബാദ് കോട്ടയിലായിരുന്നു ആദ്യം ഈ സിംഹാസനം സ്ഥാപിച്ചിരുന്നത്. 1605-ൽ അക്ബറിന്റെ മരണാനന്തരം, ജഹാംഗീർ ചക്രവർത്തിയായതിനു ശേഷവും കുറച്ചുവർഷങ്ങൾ ഇത് അലഹബാദിൽത്തന്നെ തുടർന്നു. 1610-ലാണ് ജഹാംഗീർ ഈ സിംഹാസനം, അലഹബാദിൽ നിന്നും ആഗ്രയിലേക്ക് കൊണ്ടുവന്നത്. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ഒനിക്സ് എന്ന കല്ലുകൊണ്ടാണ് ജഹാംഗീർ ഈ സിംഹാസനം പണിയിച്ചിരിക്കുന്നത്. 10 അടി 7 ഇഞ്ച് നീളവും, 9 അടി 10 ഇഞ്ച് വീതിയും, 6 ഇഞ്ച് കനവും ഈ ഇരിപ്പിടത്തിനുണ്ട്. 1 അടി 4 ഇഞ്ച് ഉയരമുള്ള ഇതിന്റെ കാലുകൾ അഷ്ടഭുജാകൃതിയിലുള്ളതാണ്. ഒറ്റക്കല്ലുകൊണ്ടുള്ള ഇതിന്റെ മുകളിലെ പ്രതലം ഒരു ആമയുടെ പുറംതോടെന്ന പോലെ മദ്ധ്യഭാഗത്തുനിന്ന് വശങ്ങളിലേക്ക് അൽപം ചെരിവുനൽകി നിർമ്മിച്ചിട്ടുള്ളതാണ്. 1803-ൽ ജനറൽ ജെറാഡ് ലേക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യം, ആഗ്ര കോട്ട ആദ്യമായി ആക്രമിച്ചപ്പോൾ പീരങ്കിയുണ്ട പതിച്ച് ഈ സിംഹാസനത്തിൽ ഒരു വലിയ വിള്ളൽ വീണു.              മുഗള്‍ സാമ്രാജ്യത്തിന്‍റെ സംസ്ക്കാരത്തിന്റെയും കലാ ശില്‍പ്പ വൈവിദ്യത്തിന്റെയും പ്രതീകമായ ആ മഹത്തായ കോട്ടയോടു വിട പറയുമ്പോള്‍ അടുത്ത ലക്‌ഷ്യം ഫത്തേപ്പൂര്‍ സിക്രി ആയിരുന്നു. ജോദ്ദ അക്ബറും അനാര്‍ക്കലിയും പോലുള്ള ഒട്ടനേകം ബോളിവുഡ് ചിത്രങ്ങള്‍ ഷൂട്ട്‌ ചെയ്ത സ്ഥലം. ആഗ്ര-ബിക്കനിര്‍ ഹൈവേയിലൂടെ 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഫത്തേപ്പുരിലെക്ക്... അതിനു മുന്നേ ഉച്ച ഭക്ഷണവും ഒരു മണിക്കൂര്‍ വിശ്രമവും അത്യാവശ്യമായിരുന്നു... ശേഷം യാത്ര ആരംഭിച്ചു.. നാഷണല്‍ ഹൈവേയില്‍ നിന്നും ഇടത്തേക്ക് ഫത്തേപ്പൂര്‍ എന്ന് എഴുതിവച്ച ബോര്‍ഡ്‌ കണ്ടപ്പോള്‍ ഞങ്ങള്‍ ബൈക്ക് നിര്‍ത്തി. കുറെ പേര്‍ ഓടി വരുന്നു ഞങ്ങളുടെ അടുത്തേക്ക്‌.. അല്‍പ്പം ഒന്ന് പരിഭ്രമിച്ചു ആദ്യം.. എല്ലാവരും ടൂറിസ്റ്റ് ഗൈഡുകള്‍ ആണ്...  മലയാളികളല്ലേ എന്ന് ചോദിച്ചു ഒരാള്‍.. 200 രൂപ പറഞ്ഞുറപ്പിച്ച്  ഒരാള്‍ വന്നു.. ടിക്കറ്റ്‌ ഫ്രീ, പാര്‍ക്കിംഗ് കോട്ടക്ക് മുകളില്‍ ഫ്രീ എന്നൊക്കെ ഓഫറും തന്നു ആ മാന്യന്‍... ഒടുവില്‍ യാത്രയായി.                സിക്രിവാള്‍ രാജ്പുത് രാജാസ്‌ ആണ് സിക്രിഗധ് എന്ന പേരില്‍ ഫത്തേപ്പൂര്‍ നഗരം സൃഷ്ടിച്ചത്. 1569ല്‍  മഹാനായ അക്ബര്‍ ചക്രവര്‍ത്തി ഇവിടെ എത്തി. മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമാക്കി ഇവിടം മാറ്റി.  
ബുലന്ദ് ദര്‍വാജ
               അക്ബര്‍ ഗുജറാത്ത്‌ കീഴടിക്കയതിന്റെ സന്തോഷത്തില്‍ നിര്‍മ്മിച്ചതാണ് 55 മീറ്റര്‍ ഉയരമുള്ള ഈ പ്രധാന പ്രവേശന കവാടം. അദ്ദേഹത്തിറെ ഭരണകാലത്ത് പൊതു ജനങ്ങള്‍ക്ക്‌ ഫത്തേപ്പൂര്‍ കൊട്ടാര സമുച്ചയത്തിലേക്ക് കടന്നു വരാനുള്ള വഴിയായിരുന്നു ഇത്. ഇതിന്റെ മരം കൊണ്ട് നിര്‍മ്മിച്ച വാതിലില്‍ കുതിരലാടം അടിച്ചു വയ്ച്ചാല്‍ അത് കുടുംബത്തിന്റെ ഐശ്വര്യതിനു സഹായകമാകും എന്ന ഒരു വിശ്വാസം നിലവിലുണ്ട്.. അത്തരത്തില്‍ നൂറുകണക്കിന് ലാടങ്ങള്‍ ഇവിടെ കാണാന്‍ കഴിയും.            ഫത്തേപ്പൂര്‍ കോംപ്ലെക്സിലെ ഒരു പ്രധാന ആകര്‍ഷണം ഷെയ്ക്ക് സലിം ചിസ്തിയുടെ ശവകുടീരം ആണ്. അക്ബര്‍ അദ്ദേഹത്തെ തന്റെ ഗുരുവായി മാനിച്ചിരുന്നു. വിവാഹ ശേഷം മക്കള്‍ ജനിക്കാതിരുന്നപ്പോള്‍ അക്ബര്‍ ഇവിടെ പ്രാര്‍ഥിച്ചു എന്നും തല്‍ഫലമായി ജനിച്ച കുഞ്ഞിനു അദ്ദേഹം സലിം എന്ന പേര് തന്നെ നല്‍കുകയും ചെയ്തു. ആ സലിം പില്‍ക്കാലത്ത് ജഹാംഗിര്‍ ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെട്ട്  മഹാനായ മുഗള്‍ സാമ്രാജ്യം നിയന്ത്രിച്ചു. 
സുഫി സന്യാസി ഷെയ്ഖ് സലിമിന്‍റെ ശവകുടീരം 
                             ഈ കുടീരത്തില്‍ പ്രാര്‍ഥിച്ചാല്‍ ആഗ്രഹിച്ച കാര്യം തീര്‍ച്ചയായും സാധിക്കും എന്ന വിശ്വാസം ഇന്നും നിലവിലുണ്ട്. അവിടുത്തെ പ്രാര്‍ഥനാരീതി വ്യത്യസ്തമാണ്. ആദ്യം കല്ലറയില്‍ പട്ടുപുതപ്പിക്കണം.. റോസാപ്പൂക്കള്‍ അര്‍പ്പിക്കണം. ഞങ്ങള്‍ രണ്ടു പേരും കൂടി അര്‍പ്പിച്ചു പട്ടും പൂക്കളും... മഹാനായ അക്ബറിന്‍റെ ഗുരുവിന്റെ ഓര്‍മയ്ക്ക് മുന്നില്‍..
ഗുരുവിന്‍റെ കല്ലറയില്‍ പട്ടു പുതപ്പിച്ച് പൂക്കള്‍ അര്‍പ്പിക്കുന്ന നിതിന്‍ 


ഗുരുവിന്‍റെ ആശീര്‍ വാദത്തിനും ഉദ്ദിഷ്ടകാര്യ ലബ്ധിക്കായി മാര്‍ബിള്‍ ജാലികയില്‍ നൂല്‍ കെട്ടുന്നു.

 ഫത്തേപ്പൂര്‍ കോംപ്ലെക്സിലെ മറ്റൊരു ആകര്‍ഷണം അവിടുത്തെ മോസ്ക്ക് ആണ്.. അക്ബര്‍ ചക്രവര്‍ത്തി ദിന്‍ ഇലാഹി മതം സ്ഥാപിച്ചത് ഇവിടെ വച്ചാണ്. തന്‍റെ സാമ്രാജ്യത്തില്‍ വിശ്വസിച്ചിരുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സോരാഷ്ട്രിയന്‍, ജൈന മതങ്ങളുടെ അംശങ്ങള്‍ ചേര്‍ത്താണ് അദ്ദേഹം ഈ മതത്തിനു രൂപം നല്‍കിയത്. അവിടുത്തെ കെട്ടിടത്തിന്‍റെ ശില്‍പ്പകലകളിലും മേല്‍പ്പറഞ്ഞ എല്ലാ മതങ്ങളുടെയും സങ്കലനം കാണാം.. 

ദിന്‍ ഇലാഹിയുടെ പ്രചരണം അക്ബര്‍ ചക്രവര്‍ത്തി നടത്തിയത് ഇവിടെ വച്ചാണ്.
ഫതെപ്പൂരിലെ വേറൊരു ആകര്‍ഷണം ഒരു ഇടനാഴിയാണ്. ആഗ്ര കോട്ട വരെ എത്തുന്ന 20 കിലോമീറ്റരില്‍ അധികം നീളമുള്ള തുരങ്കം അവിടെ തുടങ്ങുന്നു. ആഗ്രയില്‍ രണ്ടിടത്തും ഡല്‍ഹി വഴി ലാഹോറിലേക്കും ആയി  മൂന്ന് വഴികളുണ്ട് ഈ തുരങ്കത്തിനു എന്ന് വിശ്വാസം. അനാര്‍ക്കലി തുരങ്കം എന്നും ഇതിനു പേരുണ്ട്. അതിനു പിറകിലും ഒരു കഥയുണ്ട്. ജഹാംഗീര്‍ രാജകുമാരന്‍ പേര്‍ഷ്യന്‍ നര്‍ത്തകിയായ അനാര്‍ക്കലിയുമായി പ്രണയത്തിലായി. ഇതറിഞ്ഞു കുപിതനായ അക്ബര്‍ ചക്രവര്‍ത്തി ജഹാംഗീരില്‍ നിന്നും അകന്നു പോകണമെന്ന മുന്നറിയിപ്പ്‌ അനാര്‍ക്കലിക്ക് നല്‍കി. അവള്‍ അത് കേള്‍ക്കില്ല എന്ന് ഉറപ്പായപ്പോള്‍ അക്ബര്‍ ഈ തുരങ്കത്തില്‍ അടച്ചിട്ടു. ജഹാംഗീര്‍ രക്ഷിക്കാന്‍ എത്തുമ്പോഴേക്കും അവള്‍ മരണപ്പെട്ടിരുന്നു. ഈ  ദുരന്ത പ്രണയ കഥയെ ആസ്പദമാകി  നൂറുകണക്കിന് കാവ്യങ്ങള്‍ ലോകത്തിലെ പല ഭാഷകളിലും എഴുത്തപ്പെട്ടിട്ടുണ്ട്. 
അനാര്‍ക്കലി തുരങ്കം ( 1948ല്‍ അടച്ചു പൂട്ടിയത്)
        ഫതെപ്പുരിനോട് വിട പറയാന്‍ നേരമായെന്നു കുറഞ്ഞു വന്ന പകല്‍വെളിച്ചം ഓര്‍മിപ്പിച്ചു. കോട്ടയില്‍ നിന്നും പുറത്തേക്ക ഇറങ്ങി. അങ്ങ് വിദൂരതയില്‍ ഒരു കെട്ടിടം ഉയര്‍ന്നു കാണുന്നു. ഗൈഡിനോട് ആരാഞ്ഞു. അത് അക്ബറിന്റെ വിശ്വസ്തനായിരുന്ന ബീര്‍ബലിന്റെ ഗൃഹമാണ്.  കുട്ടിക്കാലത്ത് നൂറുകണക്കിന് കഥകള്‍ കേട്ടിരിക്കുന്നു ഫലിതപ്രിയനായ ആ മഹാവിദൂഷകനെ പറ്റി. ബുദ്ദിമാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ അതിബുദ്ദിമാനും വിശ്വസ്തനുമായ ബീര്‍ബല്‍ !!!              കഥകള്‍ ഓര്‍ത്തെടുക്കുമ്പോഴേക്കും നിതിന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു. തിരിച്ചു നേരെ ഹോട്ടല്‍ റൂമിലേക്ക്‌. കടുത്ത വെയിലിന്റെ ആധിക്യം തളര്‍ത്തിയിരുന്നു ഞങ്ങള്‍ ഇരുവരെയും. കുളിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. അടുത്ത ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തു ഉറങ്ങി.               പിറ്റേന്ന് രാവിലെ നേരെ പോയത് മുഗള്‍ ഗാര്‍ഡെനിലേക്ക്.  ഒരിക്കല്‍ കൂടി താജ്‌ മഹലിന്റെ മനോഹാരിത നുകര്‍ന്നു. ഒരല്‍പ്പം ദൂരെ യമുനാ നദിയുടെ മറുതീരത്ത്  നിന്നും. 
മുഗള്‍ഗാര്‍ഡനില്‍ നിന്നുള്ള താജ്‌ മഹലിന്‍റെ കാഴ്ച 
                                 അവിടെ നിന്നും ഞങ്ങള്‍ പോയത് ഇത്മദ്‌ ഉദ് ഡോളയിലേക്കാണ്. മുഗള്‍ കലാവിരുത്തിന്‍റെ മാസ്മരികത വിളിച്ചോതുന്ന മറ്റൊരു കലാസൃഷ്ടി. 'കുട്ടിതാജ്' ' എന്ന് വിളിപ്പേരുള്ള ഈ സ്മാരകം ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യയായ നൂര്‍ജഹാന്‍ തന്‍റെ പിതാവായ മിര്‍സ ഘിയാസ് ബേഗിന്‍റെ ഓര്‍മക്കായി 1628 ല്‍ നിര്‍മിച്ചതാണ്. മുഗള്‍ കലാവിരുത് ഇന്ത്യന്‍ കലാവിരുതുമായി ചേര്‍ന്ന് വരുന്ന കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ മാര്‍ബിള്‍ സൃഷ്ടി എന്ന പേരിലാണ് ഇതിനു ചരിത്രത്തില്‍ ഇത്ര പ്രാധാന്യം. സൗന്ദര്യം കൊണ്ടും ഇത് ആരെയും ആകര്‍ഷിക്കും. അത് താജ് മഹലിന്റെ അത്രത്തോളം വരില്ലെന്കില്‍ പോലും.
കുട്ടിതാജ്‌ (ടോംബ് ഓഫ് ഇട്മാദ്‌ ഉദ് ദൌള)
                                 യമുനാ തീരത്ത് അല്‍പ്പം വിശ്രമിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. അടുത്ത ലക്‌ഷ്യം സികന്ദ്ര ആയിരുന്നു. അവിടുത്തെ പ്രത്യേക ആകര്‍ഷണം അക്ബര്‍ ചക്രവര്തിയുടെ ശവകുടീരം ആണ്. ആഗ്രയില്‍ നിന്നും പത്തു കിലോമീറ്റര്‍ ഡല്‍ഹി ഹൈവേയിലൂടെ... റോഡിന്റെ വലതു വശത്ത് നൂറ്റിപത്തൊന്‍പതു ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഒരു പൂന്തോട്ടം.. താജ്‌ മഹല്‍ കഴിഞ്ഞാല്‍ ആഗ്രയിലെ പ്രധാന ആകര്‍ഷണം.  പ്രവേശന കവാടം അതിമനോഹരം. പതിനെട്ടാം നൂറ്റാണ്ടില്‍ തീര്‍ത്തും തകര്‍ന്നു പോയ ഈ കവാടം ബ്രിട്ടീഷ്‌ വാസ്തു കലാകാരന്‍മാരാണ് പുതുക്കിപണിതത്.
സികന്ദ്രയിലെ അക്ബര്‍ കുടീരത്തിന്റെ പ്രവേശന കവാടം 
                             പ്രവേശനകവാടം കടന്നു ഉള്ളില്‍ കയറുമ്പോള്‍ വരവേല്‍ക്കുന്നത് ഒരു മഹാസൗധം. അക്ബര്‍ തന്നെയാണ്  1605ല്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അക്ബറിന്റെ മരണ ശേഷം മകനായ ജഹാംഗീര്‍ അവസാന ശിലയും വച്ചു. ചുവന്ന ചരല്‍കല്ലുകളും മാര്‍ബിളും ഉപയോഗിച്ചാണ് ഇത് മെനഞ്ഞിട്ടുള്ളത്. ഹിന്ദു-മുസ്ലിം നിര്‍ മ്മാണ കുശലതയുടെ മികച്ച ഉദാഹരണമാണിത്. മാര്‍ബിള്‍ശകലങ്ങളില്‍ കൊത്ത്പണികളും സൂക്ഷ്മമായ അലങ്കാരങ്ങളും മുദ്രണം ചെയ്തിട്ടുണ്ട്.കല്ലറ നിലകൊള്ളുന്ന നിലത്തിന് നൂറ്റിയഞ്ച് ചതുരശ്രമീറ്റര്‍  വിസ്തൃതിയുണ്ട്. കൃത്യതയ്ക്ക് വേണ്ടി കോമ്പസ് ഉപയോഗിച്ചാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.

അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം 

ശവകുടീരത്തില്‍ അക്ബറിന്‍റെ അമ്മയുടെയും കല്ലറ പണിതിട്ടുണ്ട്.  ഉള്ളിലേക്ക് കയറുമ്പോള്‍ ഒരു നീണ്ട ഇടനാഴി ആണ്. അതിന്റെ അവസാനം വൃത്താകൃതിയില്‍ ഒരു മുറിക്കകത്ത് അക്ബറിന്‍റെ കുടീരം. ലോകമാനവികതയുടെ ഇന്ന് വരെയുള്ള ചരിത്രത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിക്ക് മനസ്സാല്‍ പ്രണാമം അര്‍പ്പിച്ചു പുറത്തേക്കു കടന്നു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ആസ്സാം വരെയും ടിബറ്റ് മുതല്‍ ഗുജറാത്ത് വരെയും കീഴടക്കിയ  ആ ലോക ചക്രവര്‍ത്തിക്കും അന്ത്യവിശ്രമം ആറടിമണ്ണില്‍ !!! മനസ്സില്‍ ആ പഴയ മലയാള സിനിമാഗാനം അറിയാതെ മൂളിപ്പോയി ...

"ആത്മവിദ്യാലയമേ... - 

അവനിയിലാത്മവിദ്യാലയമേ... 
അഴിനിലയില്ല... ജീവിതമെല്ലാം 
ആറടി മണ്ണില്‍ നീറിയൊടുങ്ങും... 
തിലകം ചാര്‍ത്തി, ചീകിയുമഴകായ് 
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി... 
ഇല്ലാ ജാതികള്‍, ഭേദവിചാരം... 
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം... 
മന്നവനാട്ടെ, യാചകനാട്ടെ...
വന്നിടുമൊടുവില്‍... വന്‍‌ചിത നടുവില്‍..."
                                 പുറത്തു തന്നെ വേറൊരു പഴയ സൗധം കണ്ടു. കാഞ്ചു മഹല്‍.... ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ വേട്ടയാടല്‍ വിശ്രമകേന്ദ്രം.മുഗള്‍ കലാവിരുത്തിന്റെ മാസ്മരികത വിളിച്ചോതുന്ന മറ്റൊരു സൗധം.
കാഞ്ചു മഹല്‍ 
                                അവിടെ നിന്നും പുറത്തിറങ്ങി. ഇനി മടക്ക യാത്ര. റോഡ്‌ സൈഡില്‍ കണ്ട ഒരു കടയില്‍ നിന്നും ആഗ്രയുടെ ഓര്‍മക്കായി ചെറിയ രണ്ടു താജ്‌ മഹല്‍ വാങ്ങിക്കാനും ഞങ്ങള്‍ മറന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പ്രണയഉപഹാരത്തിന്റെ ഓര്‍മയ്ക്ക് !!!                                        ആഗ്രയില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുമ്പോഴും മനസ്സ് അവിടെ തന്നെ അവശേഷിക്കുന്നതായി തോന്നി. അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ബീര്‍ബലിന്റെ തമാശ കേട്ട് , അനാര്‍ക്കലിയുടെ ദുഃഖാര്‍ദ്രമായ ഓര്‍മകളില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ജഹാംഗീറിന്‍റെ രാജധാനിയില്‍, ഷാജഹാന്റെയും മുംതാസിന്റെയും ഓര്‍മകളില്‍, അച്ഛനെ തടങ്കലില്‍ ആക്കിയ ഔറംഗസേബിന്‍റെ ഓര്‍മകളില്‍, വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം പിടിച്ചെടുത്ത ആംഗലേയആധിപത്യം ... എല്ലാം ഒരിക്കല്‍ കൂടി മനസ്സിലൂടെ കടന്നു പോയി. ചരിത്രം പാഠപുസ്തകങ്ങളില്‍ പറയുന്നതിലും അപ്പുറത്താണ്. അനിവച്ചനീയമായ  സംതൃപ്തിയോടെ ആ യാത്ര അവസാനിച്ചു.. ഒട്ടനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചു.. കുറെ അധികം ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.. അങ്ങനെയാണ് ചരിത്രം.. മൊത്തം ചികഞ്ഞെടുക്കുക അസാധ്യം !!!