എന്നെ പറ്റി

Saturday, January 31, 2015

വൈതല്‍ മല & കൊട്ടത്തലച്ചി


യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. കുടുംബവും ജീവിതത്തെ സന്തുലിതമാക്കി നിലനിര്‍ത്താനുള്ള വെപ്രാളവും പലരെയും യാത്രകളില്‍ നിന്നും അകറ്റി നിര്‍ത്താറാന്ന് പതിവ്. എന്നാല്‍പ്പോലും ചെറിയ യാത്രകള്‍ കുടുംബവും ഒത്തു നടത്താത്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. യാത്രകള്‍ പലപ്പോഴും വിനോദത്തിനും വിജ്ഞാനത്തിനും അപ്പുറം ജീവിതഭാരം ഒഴിവാക്കിയുള്ള ഒളിച്ചോട്ടമാണ് പലര്‍ക്കും.
എന്നാല്‍ ഇത്തരത്തില്‍ ഒന്നും അല്ലാതെ യാത്ര ചെയ്യാന്‍ വേണ്ടി മാത്രം ജനിക്കപ്പെട്ടവര്‍ എന്ന് വിശേഷപ്പെടുത്താവുന്നവര്‍ ഉണ്ട് നമുക്കിടയില്‍. എഴുത്തിനോടും ഫോട്ടോഗ്രാഫിയോടും ഒന്നും താല്പര്യം ഇല്ലാതെ വെറുതെ നാട് ചുറ്റുന്നവര്‍. 'കണ്ണൂരിലെ ഓരോ ഊര് തെണ്ടിക്കും എളുപ്പം എത്തിച്ചേരാവുന്ന ഒരിടമാണ് വൈതല്‍മല.' (ക്ഷമിക്കണം എന്‍റെ പ്രിയ സുഹൃത്ത്‌ അനിയേട്ടന്‍ പറഞ്ഞ വാക്കുകളാണ് കേട്ടോ. കാരണം വൈതല്‍ മലയിലെ ഓരോ പുല്‍നാമ്പും അദ്ദേഹത്തെ അറിയും. 'ഊര്തെണ്ടികളുടെ വഴിയമ്പലം' എന്ന ഒരു സഞ്ചാരികളുടെ കൂട്ടായ്മ്മ തന്നെ ഉണ്ട് അദ്ദേഹത്തിന്.)
മല കയറണം എന്ന് പറയുമ്പോള്‍ മലയാളി എളുപ്പം ഓര്‍ക്കുക ശബരിമല ആണ്. എന്നാല്‍ കണ്ണൂര്‍കാരനു അത് ചിലപ്പോള്‍ കുന്നത്തൂര്‍പാടി ആവും. എന്നാല്‍ ഞങ്ങള്‍ക്ക് അത് വൈതല്‍മല ആണ്. അതെ വെറുതെ ഇരിക്കുന വീക്ക്‌ഏന്‍ഡുകള്‍ ആഘോഷമാക്കാന്‍ മല കയറുന്ന യൂത്ത്. എന്നാല്‍ ഇത് ഒരു വ്യത്യസ്ത യാത്രാനുഭവം ആണ്. കൂട്ടിന് എനിക്ക് കിട്ടിയതോ എന്‍റെ രണ്ടു ആത്മാര്‍ത്ഥമിത്രങ്ങളെ. രാഹുലും കിരണും... രണ്ടു പേരും ജീവിതത്തില്‍ നിന്നും അടര്‍ന്നു പോകാത്ത രണ്ടു ഏടുകള്‍. യാത്ര തീരുമാനിച്ചു എങ്കിലും എങ്ങനെ പോകണം എന്ന് തീരുമാനിച്ചിരുന്നില്ല.
ഒടുവില്‍ ബൈക്ക് തന്നെ ആവട്ടെ എന്നായി. യുവത്വത്തിന്‍റെ ആഘോഷത്തിനു ഇത്ര യോജിച്ച ഏതു സവാരി ആണ് ഉള്ളത് ! രാവിലെ പുലരും മുന്‍പേ തന്നെ ഇറങ്ങി. അമ്മ പ്രാതല്‍ തയ്യാറാക്കി പൊതിഞ്ഞു വച്ചിരുന്നു.
സൂര്യോദയം ക്യാമറയില്‍ ആക്കണമെന്ന രാഹുലിനെ ആഗ്രഹമായിരുന്നു ഞങ്ങളുടെ പുലര്‍ച്ചെ ഉള്ള യാത്രക്ക് പ്രേരണ. ഞാന്‍ പറയാന്‍ മറന്നു. അവന്‍ ഒരു ബെന്‍ഗലുരു ഫ്രീക് ഫോടോഗ്രാഫെര്‍ ആണ് കേട്ടോ. കിരണ്‍ ആവട്ടെ കപ്പലില്‍ ലോകം ചുറ്റുന്ന ഒരു മര്‍ച്ചന്റ് നേവിക്കാരനും. സൂര്യ ദേവന്‍റെ ഉദയകിരണങ്ങള്‍ ഭൂമി ദേവിയെ ചുംബിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ തന്നെ ഞങ്ങള്‍ മല കയറി എത്തി. രണ്ടു കിലോമീറ്റര്‍ ദൂരം നടന്നു വേണം അവിടുത്തെ പ്രധാന പുല്‍ത്തകിടിയില്‍ എത്തി ചേരാന്‍.

      
     
ഉദയ സൂര്യന്‍ അങ്ങ് ദൂരെ നിന്നും ചുവന്ന കിരണങ്ങള്‍ കൊണ്ട് ഗ്രാമാന്തരങ്ങളെ ഉണര്‍ത്തുന്നു. കുറച്ചു നേരം നടന്നു വാച്ച്ടവറില്‍ ഇരുന്നു കൊണ്ട് പ്രാതല്‍ കഴിച്ചു ഞങ്ങള്‍. ഒരു വശത്ത് കൂറ്റന്‍ മലനിരകള്‍ കന്നഡ മണ്ണിന്‍റെ ഗന്ധം പേറി നില്‍ക്കുന്നു. മറ്റേ വശത്ത് കണ്ണൂര്‍ജില്ലയുടെ ഒരു വലിയ ഭാഗം അങ്ങ് കീഴെ ദൃശ്യമാണ്. ആ അനിര്‍വചനീയ സൗന്ദര്യത്തിനു അപ്പുറം കടല്‍പ്പരപ്പില്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഞങ്ങള്‍ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചപ്പോഴേക്കും കുറെ പേര്‍ വന്നു തുടങ്ങി. കുടുംബമായും സുഹൃത്തുക്കളായും എത്തുന്നവര്‍. കുറച്ചു നേരം പുല്‍ത്തകിടിയിലും മലന്‍ചരിവിലും ഫോട്ടോ എടുത്തു ഞങ്ങള്‍ മല ഇറങ്ങി. 


സഹ്യസാനു ശ്രുതി ചേര്‍ത്ത ചീവീടുകളുടെ സൗകുമാര്യം മാത്രമല്ല മാനം മുട്ടെ ഇട തൂര്‍ന്നു വളര്‍ന്ന വനമേഖല പകലിനെ പോലും ഭയാനകം ആക്കി മാറ്റാന്‍ പ്രേരിതം ആയിരുന്നു. താഴെ എത്തി ഒരു കാപ്പിയും കുടിച്ചു അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു.
അധികമാരും കേട്ടിരിക്കാന്‍ ഇടയില്ലാത്ത സ്ഥലം. കൊട്ടത്തലച്ചി മല. വഴിയില്‍ ആലക്കോട് ടൌണില്‍ വച്ച് ലഞ്ച് കഴിച്ചു. ചെറുപുഴ വഴി മലയുടെ താഴ്വാരത്തില്‍ എത്തി. ഉത്തരമലബാറിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന സ്ഥലം. വിജനമായ മലന്‍ചരിവുകള്‍... റോഡ്‌ അവസാനിച്ചിരിക്കുന്നു. കുറെ അധികം നടന്നു. കാടുനിറഞ്ഞ പ്രദേശം. സമയം വൈകിതുടങ്ങി. കൈയില്‍ ആണെങ്കില്‍ ഒരു ടോര്‍ച്ച് പോലും ഇല്ല. എന്തായാലും മല കയറാതെ മടങ്ങില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു. കൊട്ടതലച്ചി മലയിലേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അമ്പരപ്പാണ് ഉണ്ടായത്.
അപ്പോള്‍ ഞങ്ങള്‍ ഇത്രയും സമയം നടന്നു കയറിയ മല വെറും താഴ്വാരം !!!! അതെ കുരിശുമലയിലെ ആദ്യത്തെ കുരിശു കണ്ടു. ഇടവിട്ടിടവിട്ടു ഓരോ കുരിശ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ കുറെ നടക്കണം. അതും രണ്ടാള്‍ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍ക്കാട്ടിലൂടെ.
        

         മൂന്നാമത്തെ കുരിശില്‍ കിരണ്‍ നിന്നു. തോറ്റു കൊടുക്കാന്‍ തയ്യാറാവാതെ ഞാനും രാഹുലും യാത്ര തുടര്‍ന്നു. അങ്ങനെ നാല്... അഞ്ചു.... ആറു.... പതിനാല്‌ കുരിശു വരെ കണ്ടു. സ്വര്‍ഗാരോഹിതനായ യേശുദേവനെ അനുസ്മരിക്കുന്ന മലയല്ലേ..... അതെ പതിനഞ്ചാമത്തെ കുരിശു ഒരു കൊച്ചു പള്ളിപ്പറമ്പില്‍. ആവേശവും വിസ്മയവും അടക്കി വച്ചു ക്യാമറ കയ്യിലെടുത്തു. പറന്നു പൊങ്ങുന്ന വിമാനത്തില്‍ ഇരിക്കുന്ന പ്രതീതി. താഴെ വയലും മലയും പുഴയും സംക്രമിക്കുന്ന ദൈവത്തിന്‍റെ സ്വന്തം ഭൂമി. ഞങ്ങളോ സ്വര്‍ഗത്തില്‍.


കുറച്ചധികം സമയം അവിടെ ചിലവഴിച്ചു സൂര്യാസ്തമയം വരെ കാത്തു ഞങ്ങള്‍ മടങ്ങി. അധികമാരും പറഞ്ഞു കേള്‍ക്കാത്ത ഒരു ഭൂപ്രദേശത്തെ കീഴടക്കിയ അഹങ്കാരത്തോടെ.

No comments:

Post a Comment